‘സ്ത്രീധനം തെറ്റല്ല’ ഏപ്രില്‍ ഫൂള്‍ പരസ്യം പുലിവാലായി: പിന്‍വലിച്ച് വനിത ശിശുക്ഷേമ വകുപ്പ്

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ പരസ്യം വിവാദമായതോടെ പിന്‍വലിച്ച് വനിത ശിശുക്ഷേമ വകുപ്പ്. ‘സ്ത്രീധനം തെറ്റല്ല’ എന്ന പരസ്യമായിരുന്നു പുലിവാല് പിടിച്ചത്.
ഏപ്രിലില്‍ മാത്രമല്ല ജീവിതത്തിലൊരിക്കലും ഫൂളാകാതിരിക്കാമെന്ന സന്ദേശമായാണ് പരസ്യം നല്‍കിയത്. പക്ഷേ സംഭവം വിവാദമായതോടെ പരസ്യം പിന്‍വലിച്ചു.

‘വിഡ്ഡിദിന’മായ ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന നിയമങ്ങളെന്ന പേരില്‍ നല്‍കിയ പോസ്റ്റര്‍ പരസ്യങ്ങള്‍ വഴിയാണ് വകുപ്പ് പുലിവാല് പിടിച്ചത്. ‘സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്കുനിര്‍ത്താന്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം, തുല്യ ശമ്പളം നിര്‍ബന്ധമല്ല’ തുടങ്ങി ഏഴ് പരസ്യ വാചകങ്ങളാണ് പുറത്തിറക്കിയത്.

എട്ടാമതായി ‘ഏപ്രില്‍ഫൂള്‍ പറ്റിച്ചേ’ എന്ന തലക്കെട്ടില്‍ ഏപ്രിലില്‍ മാത്രമല്ല ജീവിതത്തിലും ഫൂളാകാതിരിക്കാമെന്ന പോസ്റ്ററും നല്‍കി. എന്നാല്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതാണ് ഈ പോസ്റ്ററുകളെന്നും ഉദ്ദേശിച്ച ഫലമാകില്ല ഇതുണ്ടാക്കുന്നതെന്നുമുള്ള കടുത്ത വിമര്‍ശനം വന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചത്.

Exit mobile version