വയനാട്: കൽപറ്റയിൽ കുട്ടികളോട് ക്രൂരമായി പെരുമാറിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ കാലിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ചുഴലി സ്വദേശി വിഷ്ണുവിനെ(31) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളിൽ ഒരാളെയാണ് ഉപദ്രവിച്ചത്. വിഷ്ണു ഉപദ്രവിച്ചതായി രണ്ടാമത്തെ കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പ്രതി രണ്ട് കുട്ടികളെയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കുട്ടിയുടെ കാലിൽ പൊള്ളലേറ്റ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി കുട്ടിയെ പരിശോധിക്കുകയും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളിയാഴ്ച വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയേയും സഹോദരിയേയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post