കോഴിക്കോട്: കല്ലായിലെ ജയലക്ഷ്മി സിൽക്‌സ് വസ്ത്രശാലയിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ അണച്ചു. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചതെന്ന് ജില്ലാ ഫയർ ഓഫിസർ അറിയിച്ചു. സ്ഥലത്തെത്തിയത് ഏഴ് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ്. സ്ഥാപനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
രാവിലെ കട തുറക്കുന്നതിനു മുൻപായിട്ടായിരുന്നു തീപിടിത്തം, അതിനാൽ തന്നെ ആളപായമില്ല. അകത്ത് ജീവനക്കാരമില്ലായിരുന്നു. കടയ്ക്കുള്ളിലെ തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കളുമാണ് തീ പടർന്നു പിടിക്കാൻ കാരണം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചിട്ടുണ്ട്. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചിറങ്ങിയതാണ് കാറുകൾ നശിക്കാൻ കാരണമായത്.
അതേസമയം, ഈ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ജയലക്ഷ്മി സിൽക്‌സിന്റെ പ്രതികരണം.
ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന.
Discussion about this post