പാലക്കാട്: ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ പിരായിരി കല്ലേക്കാണ് സംഭവം.
വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. കല്ലേക്കാട് പാളയത്തെ മാരിയമ്മന്‍പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന് എന്ന ആനയാണ് ഇടഞ്ഞത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. പരിസരം മുഴുവന്‍ ജനത്തിരക്കായിരുന്നു.
ആനപ്പുറത്തുണ്ടായിരുന്നവര്‍ മുന്നിലുള്ള മരത്തില്‍ തൂങ്ങി രക്ഷപ്പെട്ടു. തിരിഞ്ഞോടിയ ആനയുടെ മുന്നില്‍പെടാതെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബാലസുബ്രഹ്മണ്യന് വീണു.
ജനത്തിരക്കില്‍ ചവിട്ടേറ്റ് പരിക്ക് പറ്റിയ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Discussion about this post