ചെങ്ങന്നൂർ: ചികിത്സയ്ക്ക് എത്തിച്ച രോഗിയുടെ കൂടെയുള്ളയാൾ ഗവ.ജില്ലാ ആശുപത്രിയിലെ എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ പരാതിയിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ. സംഭവത്തിൽ ബിഹാർ സ്വദേശി അഞ്ജനി റായിയെയാണ് (43) പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനു ചവിട്ടേറ്റിട്ടിരുന്നു. ബുധൻ രാത്രി 10.15നാണ് അപസ്മാര ലക്ഷണങ്ങളോടെ സരൺ (44) എന്ന അതിഥിത്തൊഴിലാളിയെ ഒപ്പം ജോലി ചെയ്യുന്നവർ ആശുപത്രിയിലെത്തിച്ചത്. കൂടെയുണ്ടായിരുന്നത് ആറ് അതിഥിത്തൊഴിലാളികൾ ആയിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.നീരജ അനു ജയിംസ് രോഗിക്കു ചികിത്സ നൽകി.
പിന്നീട് സരണിന് ബോധം തെളിഞ്ഞപ്പോൾ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിച്ചു. ഈ സമയത്ത് രോഗിക്ക് ഒപ്പമെത്തിയവർ ആരെയോ ഫോണിൽ വിളിച്ച് ഫോൺ ഡോക്ടർക്ക് നൽകാൻ ശ്രമിച്ചു. എന്നാൽ, ഡോക്ടർ ഫോൺ വാങ്ങാൻ വിസമ്മതിച്ചപ്പോൾ ഫോണിൽ ഒരു രാഷ്്ട്രീയനേതാവാണെന്നും അദ്ദേഹം ഡോക്ടറുടെ പേരും താമസസ്ഥലവും അന്വേഷിക്കുന്നെന്നും പറയുകയായിരുന്നു.
അതിനും മറുപടി നൽകാൻ ഡോക്ടർ വിസമ്മതിച്ചപ്പോൾ രോഗിക്ക് ഒപ്പമെത്തിയയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.