തിരുവനന്തപുരം: പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തുന്നത് എതിർത്ത് കേരളം കേന്ദ്രത്തിന് കത്തയച്ചു. വിവാഹപ്രായ പരിധി ആൺകുട്ടികളുടടേതിന് സമാനമായി പെൺകുട്ടികൾക്കും 21 ആക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിർത്താണ് കേരളത്തിന്റെ കത്ത്.
വോട്ട് ചെയ്യാൻ 18 വയസ്സായാൽ മതിയെന്നിരിക്കെ പെൺകുട്ടിക്കു വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നതു ശരിയല്ലെന്നു കത്തിൽ പറയുന്നു. കൂടാതെ, പോക്‌സോ നിയമം അനുസരിച്ചു പരസ്പരസമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവർക്കു തടസ്സമില്ലെന്നതും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേന്ദ്ര വനിതാ കമ്മിഷനാണു വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു നിർദേശിച്ചത്. വിഷയം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് കമ്മിഷനെ അറിയിക്കുകയായിരുന്നു.
ദേശീയതലത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. 2021 ഡിസംബറിൽ ലോക്‌സഭയിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.