കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവം, ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ

ഒറ്റപ്പാലം: പാലക്കാട് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടൂര്‍ മോഡല്‍ സ്‌കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസില്‍ ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് ശിക്ഷിച്ചത്.

ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മനപൂര്‍വമായ നരഹത്യക്കാണ് തടവും പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.2020 ജനുവരി മുപ്പതിനായിരുന്നു അപകടം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു രേഷ്മ. ടിപ്പര്‍ ലോറി ഓടിക്കുകയായിരുന്നു നൗഷാദ്. തൃത്താല ഒതളൂര്‍ പറക്കുളം റോഡിലൂടെയായിരുന്നു ഇരുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്.

also read: ഞെളിയന്‍ പറമ്പ് മാലിന്യപ്ലാന്റ്: സോണ്‍ട ഇന്‍ഫ്രാ ടെക്കിന് 38 ലക്ഷം പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി രേഷ്മ ഓടിച്ചിരുന്ന വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ രേഷ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറിന്റെ അശ്രദ്ധയും ടിപ്പറിന്റെ അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് വിവിധ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

also read: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

ലോറി ഡ്രൈവര്‍ നൗഷാദിനെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്ക് തൃത്താല പൊലീസ് കേസെടുത്തു. മുന്‍ എസ്‌ഐ എസ്.അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഹരി ഹാജരായി. മനപൂര്വമായ നരഹത്യയെന്ന പ്രോസിക്യൂഷന്റെ വാദം ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.സൈതലവി ശരി വയ്ക്കുകയായിരുന്നു.

Exit mobile version