കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് വിട്ട വിദ്യാര്‍ഥികള്‍ക്ക് തുണയായി റെയില്‍വേ പോലീസ്. 2500 രൂപയുമായാണ് കൊല്ലം സ്വദേശികളായ 5 വിദ്യാര്‍ഥികള്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ നിന്നാണ് ഇവരെ കണ്ടെത്തി റെയില്‍വേ പോലീസ് കണ്ണൂരില്‍ ഇറക്കിയത്.
ഇന്നലെ ചാത്തന്നൂര്‍ പോലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി 5 പേരും കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. കയ്യില്‍ ആകെ 2500 രൂപ മാത്രം. ഊട്ടിയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആര്‍ക്കും വഴി അറിയില്ലായിരുന്നു.
കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിന്‍ പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയെങ്കിലും ഇവര്‍ ഇറങ്ങിയില്ല. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി ചാത്തന്നൂര്‍ സ്റ്റേഷനില്‍ നിന്നു വന്ന ഫോണാണു വഴിത്തിരിവായത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
Discussion about this post