17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍, എന്നിട്ടും തടഞ്ഞു; ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ മടങ്ങി

പമ്പ: പമ്പയില്‍ പ്രതിഷേധം, ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പമ്പയില്‍വെച്ച് പ്രതിഷേധകര്‍ തടഞ്ഞു. പുലര്‍ച്ച ആറരയോടെയാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. തേനി സ്വദേശി കയലിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയതെങ്കിലും പിന്നീട് പുരുഷവേഷം ധരിക്കുകയായിരുന്നു. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേരുകയായിരുന്നു.

എന്നാല്‍ താന്‍ 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും കയല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇപ്പോള്‍ സാഹചര്യം വളരെ മോശമാണെന്നും താന്‍ തിരിച്ച് പോകുകയാണെന്നും കായല്‍ പോലീസിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കഴിഞ്ഞമാസം ദര്‍ശനത്തിനായി 4 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എത്തിയിരുന്നു. ഇവര്‍ക്ക് ആദ്യം പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പിന്നീട് മലകയറാന്‍ അനുവദിക്കുകയായിരുന്നു.

Exit mobile version