റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ കേടായി നിന്ന വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിടിക്കുകയായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. യാത്ര ചെയ്യുന്നതിനിടെ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
also read: മകൻ കിടപ്പുമുറിയിൽ ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
സുലൈമാന്‍ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.
പരേതനായ മൈതീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ – മുത്തുബീവി, ഭാര്യ – ജമീല ബീവി, മക്കള്‍ – നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള് – അബ്ദുൽ അസീസ് (പരേതന്‍), അബ്ദുൽ കലാം, സൗദാ ബീവി (പരേത), അബ്ദുൽ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.