പത്തനംതിട്ട: ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ജി.എസ്.ഗണേഷ് (35)നെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ടക്കടുത്ത് പുന്നളംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഗണേഷിന്റെ മൃതദേഹം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ജീവിതത്തിൽ പരാജയപ്പെട്ടെന്നും ജീവിതം മടുത്തെന്നും ചുവരിൽ മഷികൊണ്ട് എഴുതിയ ശേഷമായിരുന്നു മരണം.
ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും എടുത്തിരുന്നുല്ല. തുടർന്ന് താമസസ്ഥലത്ത് പോയി നോക്കി. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നാട്ടുകാരെയും, സമീപ വാസികളെയും വിവരമറിയിച്ച് പിൻവശത്തെ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 വരെ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിച്ചും മറ്റും സമയം ചെലവഴിച്ച ഗണേഷ് കുമാറിനെ രാവിലെ ചേതനയറ്റ നിലയിൽ കണ്ടത് വിശ്വസിക്കാനാകുന്നില്ല സഹപ്രവർത്തകർക്കും നാട്ടുകാർക്കും. മുറിയിലെ ഭിത്തിയിൽ കൈയിൽ മഷി മുക്കി പതിപ്പിച്ചിട്ടുണ്ട്. ‘ഒറ്റയ്ക്കാണ്, തോറ്റുപോയി. ഞാൻ പോകുന്നു. ആർക്കും നിഴലാകുന്നില്ല’-ഇങ്ങനെ വിവരങ്ങൾ ചുമരിൽ എഴുതിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നാറാണംതോട്ടിൽ ബസ് മറിഞ്ഞ് പരിക്കേറ്റ ശബരിമല തീർഥാടകരെ ആശുപത്രിയിലെത്തിച്ച സമയത്ത് ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത് ഗണേഷാണ്. നാല് വർഷത്തോളമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്നു. ഭാര്യയും ഡോക്ടറാണ്. ഒരു കുട്ടിയുമുണ്ട്.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് മാറ്റി. പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമൂഹ്യപ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. നിങ്ങൾക്ക് അത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ, ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)
Discussion about this post