രാജധാനി എക്‌സ്പ്രസിൽ വെച്ച് മലയാളി വിദ്യാർഥിനിയെ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവായി മെഡിക്കൽ റിപ്പോർട്ട്. ട്രെയിനിൽ വെച്ച് പീഡനം നടന്നിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിലെ സൂചന. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പരാതി ഉയർന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിനിലെ അപ്പർ ബർത്തിലിരുന്ന് സൈന്യത്തിൽ നിന്നും കൊണ്ടുവന്ന മദ്യം സൈനികൻ പ്രതീഷ് തനിക്കൊപ്പം കഴിച്ചിരുന്നെന്നും അബോധാവസ്ഥയിലായ തന്നെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് യുവതി പരാതി നൽകിയിരുന്നത്.
അതേസമയം, മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞതോടെ മറ്റേതെങ്കിലും രീതിയിൽ സ്ത്രീത്വത്തിന് മാനഹാനിയുണ്ടാക്കുന്ന പ്രവർത്തി സൈനികന്റെ ഭാഗത്തു നിന്നും ഉണ്ടായോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. രാജധാനി എക്സ്പ്രസിൽ മാർച്ച് 16നാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്.
പീഡനത്തിന് ഇരയായെന്നു വിദ്യാർത്ഥിനി മൊഴി രേഖപ്പെടുത്തിയ സമയത്തും മുൻപ് നൽകിയ പരാതിയിലും ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായ പ്രതിയായ സൈനികൻ ഇക്കാര്യം നിഷേധിക്കുകയും ചെയ്തതോടെ പോലീസും കുഴങ്ങിയിരുന്നു. കേസിലെ ദുരൂഹത ഇനിയും തുടരുകയാണ്. ഉടുപ്പിയിൽ നിന്നാണ് പെൺകുട്ടി ട്രയിനിൽ കയറിയത്. പട്ടാളക്കാരനായ പ്രതീഷ് ട്രെയിനിൽ വച്ച് മദ്യം കഴിക്കിമ്പോൾ തനിക്കും നൽകുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. അതുകഴിഞ്ഞ് അബോധാവസ്ഥയിലായെന്നും പിന്നീട് സംഭവിച്ച കാര്യങ്ങളെകുറിച്ച് അത്ര ഓർമ്മയില്ലെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം സ്റ്റേഷനിൽ ട്രയിൻ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ ഉമ്മയും ഭർത്താവും എത്തിയിരുന്നു. ഇവരോടാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തന്റെ ശരീര ഭാഗങ്ങളിൽ മറ്റാരോ ബലമായി സ്പർശിച്ചതായി സംശയമുണ്ടെന്നും വേദനയുണ്ടെന്നും പെൺകുട്ടി പറയുകയായിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
അതേസമയം കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നവരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുകയും ശാസ്ത്രീയമായ പരിശോധനയിലൂടെയും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.