പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ ഇലവുങ്കലിലുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്.
അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ഇയാള്‍ക്കെതിരെ ഐപിസി 279, 337, 338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഗുരുതര പിഴവ് വരുത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്ഡ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു അപകടം. 64ഓളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇതില്‍ എട്ടു കുട്ടികളും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇറക്കം ഇറങ്ങുമ്പോള്‍ ഗിയര്‍ മാറ്റി ന്യൂട്രലില്‍ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.
ഇന്ധനം ലാഭിക്കാനാണ് ഇങ്ങനെ ചെയ്തത്. എഞ്ചിന്‍ ഓഫാക്കുകയും, ഇടയ്ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിങ്ങ് സംവിധാനത്തില്‍ നിന്ന് എയര്‍ ചോര്‍ന്നു പോയി. ഇതേത്തുടര്‍ന്ന് ബ്രേക്കിട്ടപ്പോള്‍ ബ്രേക്ക് ലഭിക്കാതെ വന്നു. ഡ്രൈവര്‍ ബസ് ഇടത്തേക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് മറിയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post