ആലപ്പുഴ: മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ വീട്ടിലെ ഹാളില്‍ കിടന്ന പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന് മാലയും കാല് പവന് തൂക്കം വരുന്ന ലോക്കറ്റും ഉള്‍പ്പെടുന്ന സ്വര്‍ണമാലയാണ് മോഷ്ടിച്ചത്.
മാല കാണാതായതോടെ പൊന്നമ്മ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടില്‍ തന്നെ താമസിക്കുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തില്‍ സുധീഷ് (26) പിടിയിലായത്.
അമ്മൂമ്മ രാത്രി ഉറങ്ങുമ്പോള്‍ കഴുത്തിലെ സ്വര്‍ണ മാലയോട് സാമ്യമുള്ള മുക്കുമാല കൊണ്ടിടുകയും പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല എടുക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. സുധീഷിനെ പള്ളിപ്പാട് ഭാഗത്തുനിന്ന് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഇയാള്‍ ഹരിപ്പാട് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐഎസ്എച്ച് ഒ ശ്യാംകുമാര്വി എസ്, എസ് ഐ ശ്രീകുമാര്‍, എസ് ഐ ഷൈജ, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post