കൊച്ചി: അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദനായിരുന്ന ഇന്നസെന്റിന് മാപ്പില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അതിലുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. കാന്‍സറിനെ രണ്ടു തവണ തോല്‍പ്പിച്ച ചിരിയാണ് തങ്ങളെ കൂട്ടിയിണക്കിയതെന്നും കാന്‍സര്‍ ബാധിതനായ സമയത്ത് ഇന്നസെന്റിനെ വിളിച്ചു സംസാരിച്ചിരുന്നെന്നും അങ്ങനെയാണ് ബന്ധം സുദൃഢമാകുന്നതെന്നും ദീദി പങ്കുവെച്ചു.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല. അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി. അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. കൂടെ നില്‍ക്കായ്ക ചിരിയ്ക്ക് വക നല്‍ക്കുന്നതല്ല. കാന്‍സര്‍ വാര്‍ഡിലെ ചിരിയായി മാറിയ ഓര്‍മ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന്, പ്രിയ സഖാവിന് വിട .- ദീദി ദാമോദരന്‍ കുറിച്ചു.
Discussion about this post