കോട്ടയം: പതിമൂന്നുകാരിയായ പെൺകുട്ടിയുടെ അസ്വഭാവിക മരണത്തിന്റെ ചുരുളഴിയുന്നു.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പതിമൂന്നുകാരി മരിച്ച സംഭവത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷിനെ (26)യാണ് പോലീസ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബർ 9നാണ് ചികിത്സയിലിരിക്കെ 13 കാരി മരിച്ചത്. പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ തുടങ്ങിയ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ അവശയായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആദ്യ ഘട്ടങ്ങളിൽ ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു പെൺകുട്ടിയുടെ ചികിത്സ.
സെപ്റ്റംബർ അഞ്ചിനാണ് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മരണത്തോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ ഫോൺ കോളുകൾ പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഒരു നമ്പരിൽ നിന്ന് കുട്ടിയുടെ ഫോണിലേക്ക് 29 തവണ വിളികൾ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് ഈ നമ്പർ വിഷ്ണുവിന്റേതാണെന്ന് കണ്ടെത്തിയത്.
വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2022 ആഗസ്റ്റ് 16-ന് പെൺകുട്ടിയുടെ വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. അന്ന് ക്ഷേത്രത്തിൽ ചെണ്ടകൊട്ടാൻ വന്ന ഇയാൾ പെൺകുട്ടിയെ കാണുകയും പരിചയപ്പെടുകയുമായിരുന്നു.
ഇരുവരുടെയും പരിചയം പ്രണയത്തിലാതോടെ വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ. . അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post