തൃശൂര്‍: അന്തരിച്ച നടനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പമാണ് ടൗണ്‍ ഹാളിലെത്തിയത്.
ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാംഗങ്ങളെയും കണ്ട് അവരെ ആശ്വസിപ്പിച്ചും കുറച്ച് സമയം അവര്‍ക്കൊപ്പം ചിലവഴിച്ചുമാണ് മുഖ്യമന്ത്രി തിരികെ മടങ്ങിയത്. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവരും ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാനായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയിരുന്നു. പ്രിയപ്പെട്ട നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ടൗണ്‍ ഹാളിലേക്ക് എത്തിയിരുന്നത്.
ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തന ക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം.
രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്നാണ് ജന്മദേശമായ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം എത്തിച്ചത്.