നെയ്യാറ്റിന്‍കര: പരീക്ഷയെഴുതാതെ കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കളിക്കളത്തിലെത്തി കൂട്ടിക്കൊണ്ട് വന്ന് പരീക്ഷ എഴുതിച്ച് ഒരു അധ്യാപകന്‍. നെയ്യാറ്റിന്‍കര വിദ്യാധിരാജ വിദ്യാനിലയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഋഷികേശനാണ് ഒരു പ്രധാനാധ്യാപകന്‍ എങ്ങനെയാകണമെന്ന് കാണിച്ചുതന്നത്.
ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. അന്ന് പ്ലസ് ടു ഫിസിക്‌സ് പരീക്ഷയായിരുന്നു. ഇരുമ്പില്‍ സ്വദേശിയായ ബയോളജി സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥി പരീക്ഷയെഴുതാന്‍ എത്തിയില്ലെന്ന് രാവിലെ പരീക്ഷ ക്രമീകരണത്തിനെത്തിയ അദ്ധ്യാപകരാണ് കണ്ടെത്തിയത്.
ഉടന്‍ തന്നെ വിവരം പ്രിന്‍സിപ്പലിനെ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. പ്രദേശവാസിയായ അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടിയുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെയാരുമില്ലെന്ന വിവരം ലഭിച്ചു.
also read: ‘മായില്ലൊരിക്കലും’: ഇന്നസെന്റിന് അനുശോചനമറിയിച്ച് ജഗതി ശ്രീകുമാര്‍
പിന്നെ ഒന്നും നോക്കിയില്ല, സ്വന്തം കാറില്‍ വിദ്യാര്‍ത്ഥിയെ തിരക്കി പ്രിന്‍സിപ്പലിറങ്ങി. അയല്‍വാസികളാണ് കുട്ടി കളിക്കാന്‍ പോയിരിക്കാമെന്ന സംശയം പറഞ്ഞത്. തുടര്‍ന്ന് സമീപത്തെ കളിയിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പരീക്ഷയ്ക്കുള്ള സമയം ആവാറായെന്ന് കണ്ടതോടെ നിന്ന വേഷത്തില്‍ തന്നെ കുട്ടിയെ വാഹനത്തില്‍ കയറ്റി പേനയും വാങ്ങി നല്‍കി, പരീക്ഷാഹാളിലെത്തിച്ചു.
കുട്ടിയെ കൃത്യസമയത്ത് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ആയതിനാല്‍ പരീക്ഷ കാണില്ലെന്ന് വിചാരിച്ച് കളിക്കാന്‍ പോയെന്നാണ് വിദ്യാര്‍ത്ഥിയുടെ ഭാഷ്യം. ഒരു മികച്ച അധ്യാപകനുള്ള ഉദാഹരണമായിരിക്കുകയാണ് ഈ അധ്യാപകന്‍.