കൊച്ചി: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകന്‍: സോണറ്റ്.
കാലത്ത് 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതു ദര്‍ശനം നടക്കും.
കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്.
കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണ ശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ലോക്സഭ എംപിയായിരുന്നു.