കൊച്ചി: തീയും പുകയും ശമിച്ച് 12 ദിവസം കഴിഞ്ഞതിന് പിന്നാലെ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടർ ഏഴിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ ബ്രഹ്‌മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ ചൂടും പുകയുമാണ് പ്രദേശത്ത് നിലവിൽ.
അതേസമയം, ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടുത്തമുണ്ടായതിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ബ്രഹ്‌മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. അത് മുന്നിൽക്കണ്ടുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതായും അദ്ദേഹം വിശദീകരിച്ചു.
ബ്രഹ്‌മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയർഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങൾ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
തീപിടുത്തം, മുൻകൂട്ടിക്കണ്ട് പ്രദേശത്ത് അഗ്‌നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിർത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.