ഇടുക്കി: കാഞ്ചിയാറിലെ കൊല്ലപ്പെട്ട അധ്യാപിക അനുമോളുടെ ഘാതകനെന്ന് കരുതുന്ന ഭർത്താവ് ബിജേഷിനായി വലവിരിച്ച് പോലീസ്. ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ചൊവ്വാഴ്ച രാവിലെയാണ് ഒളിവിൽ പോയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിക്ക് മൊബൈൽ 5000 രൂപയ്ക്ക് വിറ്റ പണവുമായാണ് ബിജേഷ് കടന്നുകളഞ്ഞിരിക്കുന്നത്. ഈ ഫോൺ അന്വേഷണത്തിൽ പോലീസ് കണ്ടെടുത്തു.
21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് അഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു ശേഷം ബിജേഷിനെ കാണാതാകുകയും ചെയ്തിരുന്നു.
ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമാണെന്ന് കണ്ടെത്തിയത്.
ALSO READ-ഭാര്യയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു; വിവാഹമോചന വാർത്ത പങ്കുവെച്ച് വിനായകൻ
കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാൾ ബിജേഷിന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് മൊഴി നൽകുകയായിരുന്നു. ഞായറാഴ്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, നേരത്തെ ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. കേസ് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ, എസ് ഐ കെ. ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ സംഘമാണ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
Discussion about this post