കൽപറ്റ: കോൺഗ്രസ് എംപി രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ തമ്മിൽതല്ലി കോൺഗ്രസ് നേതാക്കൾ. കൽപറ്റയിൽ ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെയാണ് പ്രവർത്തകർ തമ്മിൽത്തല്ലിയത്.
പ്രതിഷേധ പ്രകടനത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിനെച്ചൊല്ലി കെപിസിസി അംഗം പിപി ആലിയും ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും തമ്മിലാണ് ഉന്തുംതള്ളുമുണ്ടായത്.
ഇരുവരുടേയും പ്രശ്‌നത്തിൽ മറ്റുള്ളവർ ഇടപെടുകയും ഇതോടെ സാലിയുമായി വാക്കേറ്റം രൂക്ഷമാവുകയായിരുന്നു. സമരനിരയിലുണ്ടായിരുന്ന ടി സിദ്ദിഖ് എംഎൽഎ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. എങ്കിലും പ്രകടനത്തിനുശേഷം വീണ്ടും തനിക്കുമർദനമേറ്റെന്ന് സാലി ആരോപിച്ച് രംഗത്തെത്തി.