കോഴിക്കോട്: വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വിവാദ വ്യവസായി ഫാരിസ് അബൂബക്കറും താനും ബന്ധുവാണെന്ന പ്രചാരണം നടത്തുന്നവരോട് തമാശരൂപത്തിൽ മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് മന്ത്രി മുഹമ്മദ് റിയാസെന്ന തരത്തിൽ ചില മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചാരണം നടന്നിരുന്നു. മന്ത്രിയുടെ മാതൃസഹോദരനാണ് ഫാരിസ് അബൂബക്കർ എന്നാണ് പ്രചാരണമുണ്ടായത്.
ഇതിനിടെ, മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. തനിക്ക് അഞ്ച് അമ്മാവന്മാർ ഉണ്ടെന്നും അതിൽ ഒരാൾ ഫാരിസ് അബൂബക്കർ അല്ലെന്നും മന്ത്രി വിശദമാക്കുന്നു. ഇപ്പോൾ താൻ കാണാത്ത വർത്തമാനം പറയാത്ത ഒരാൾ കൂടി അമ്മാവനായി കിട്ടിയിരിക്കുകയാണെന്നും മന്ത്രി പരിഹസിക്കുന്നു.
‘ഇപ്പോൾ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. ഫോണിൽ പോലും വർത്താനം പറയാത്ത ഒരു അമ്മാവനെയാണ് കിട്ടിയത്്’ എന്നുമാണ് മന്ത്രി രസകരമായി ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുന്നത്. കൂടാതെ, എന്നെങ്കിലും ആ അമ്മാവനെ കാണാൻ സാധിക്കുമായിരിക്കും. അങ്ങനെയൊരു അമ്മാവനെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നുവെന്നും മന്ത്രി പഴയ കാലത്തെ നസീർ-ജയൻ സിനിമാക്കഥ പോലെ ഒരു കഥ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ: ‘എന്റെ ഉമ്മാക്ക് അഞ്ച് സഹോദരന്മാരാണുള്ളത്. അബ്ദുറഹിമാൻ, അബ്ദുൾ അസീസ്, മുജീബ് റഹിമാൻ, അബ്ദുൾ ഷുക്കൂർ, അബ്ദദുൾ റഷീദ്. ഇപ്പൊ ഒരു പുതിയ അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. ഫോണിൽ പോലും വർത്താനം പറയാത്ത ഒരു അമ്മാവനെയാണ് കിട്ടിയത്. എന്നെങ്കിലും കാണാൻ സാധിക്കുമായിരിക്കും. അങ്ങനെയൊരു അമ്മാവനെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നു.’
‘നമ്മളെല്ലാം ജയന്റേയും നസീറിന്റേയും സിനിമകൾ കണ്ടിട്ടുണ്ടാവും. കുട്ടിക്കാലത്ത് പിരിഞ്ഞവരായിരിക്കും അവർ. അതിൽ വിഷുവിനോ മറ്റോ പടക്കം പൊട്ടിച്ചപ്പോൾ സംഭവിച്ച പൊള്ളൽ രണ്ടുപേർക്കും ഒരുപോലെ ഉണ്ടാവും. പിന്നെ കണ്ടുമുട്ടുന്നത് കുറേ കാലം കഴിഞ്ഞ് വല്ല സ്റ്റണ്ട് രംഗത്തിലാവും. തല്ലിനിടയിലാകും ജയന്റെ മറുക് മറ്റെയാൾ കാണുന്നത്. മറ്റെയാളുടെ മറുക് ജയനും കാണും. അപ്പോൾ ബാബൂ..ഗോപീ.. എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ എന്നെങ്കിലും കാണുമ്പോൾ ഒരമ്മാവനെ..ഫോണിൽ പോലും സംസാരിക്കാത്ത അമ്മാവനെ കണ്ടുകിട്ടിയ സന്തോഷം പങ്കുവെയ്ക്കാം.’
കുറേ നാളായി ഫാരിസ് അബൂബക്കർ ബന്ധുവാണെന്ന ഈ വിവാദം കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പറയുന്നവർ എന്തും പറഞ്ഞോട്ടേ ജനാധിപത്യ രാജ്യത്തിൽ എന്തും പറയാം. പറയുന്നതിന്റെ നിലവാരമളക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഒന്നും പറയരുതേ എന്ന് ഇതുവരെ ആരോടും അഭ്യർത്ഥിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
Discussion about this post