അഴീക്കോട്: ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലില്‍ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്‌സര്‍ട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന്‍ മേരി എന്ന ബോട്ടാണ് കരയ്‌ക്കെത്തിച്ചത്.
മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ എട്ട് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാര്‍ വി എന്‍, ഷിനില്‍കുമാര്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ,ഷിഹാബ്, ഫസല്‍ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം ,എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ കയ്പമംഗലത്ത് വഞ്ചിപ്പുര ബീച്ചില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. കയ്പമംഗലം സ്വദേശി കോഴിശേരി നകുലന്‍ (50) നാണ് പരിക്കേറ്റത്.
Discussion about this post