തൃശൂര്‍: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്നു. രാവിലെ തന്നെ ജയാനന്ദന്റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും ക്ഷേത്രത്തിലേക്കെത്തി. ക്ഷേത്ര നട അടച്ചതിനാല്‍ വധൂരവന്മാര്‍ പതിനൊന്നുവരെ ഇലഞ്ഞിത്തറയിലെ ഗോപുരത്തിനു സമീപം കാത്തുനിന്നു.
പതിനൊന്നേ കാലോടെ താലികെട്ട്. മകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് മകള്‍. ജയാനന്ദന്‍ മകളുടെ കൈപിടിച്ച് വരനെ ഏല്‍പ്പിച്ചു. വിവാഹ ശേഷം അച്ഛനെ ചേര്‍ത്ത് നിര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക്. അങ്ങനെ മകളുടെ വിവാഹം നടത്തിയ അച്ഛന്റെ ചാരിതാര്‍ത്ഥ്യത്തില്‍ റിപ്പര്‍ ജയാനന്ദന്‍. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. അഭിഭാഷകയാണ് റിപ്പറിന്റെ മകള്‍. മരുകനും അഭിഭാഷകന്‍. പ്രണയവിവാഹമാണ്. വരന്റെ അച്ഛന്‍ പോലീസുകാരനാണ്.
17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റിപ്പര്‍ ജയാനന്ദന്‍ ജയിലിന് പുറത്തേക്കിറങ്ങുന്നത്. കനത്ത പോലീസ് സംരക്ഷണത്തോടെയാണ് ജയാനന്ദനെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് കടുത്ത ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിച്ചത്.
അതീവ സുരക്ഷയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു റിപ്പര്‍ ജയാനന്ദന്‍. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ജയാനന്ദനെ പുറത്തിറക്കിയത്. ഹൈക്കോടതി അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ട് ദിവസത്തെ എസ്‌കോട്ട് പരോള്‍ അനുവദിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ 15 ദിവസത്തെ പരോളിനാണ് ആദ്യം അപേക്ഷിച്ചതെങ്കിലും സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
പിന്നീട് വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. തന്റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛന്‍ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും മകള്‍ കോടതിയില്‍ പറഞ്ഞു. മകളെന്ന നിലയില്‍ കനിവ് നല്‍കണമെന്നും മകള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും ചോദിച്ചത് മാനിച്ച് ജസ്റ്റിസ് ബെച്ചു കുര്യനാണ് റിപ്പര്‍ ജയാനനന്ദന് കടുത്ത ഉപാധികളോടെ പരോള്‍ അനുവദിച്ചത്.
പുത്തന്‍വേലിക്കര കൊലക്കേസ്, മാള ഇരട്ടക്കൊലക്കേസ്, പെരിഞ്ഞനം കേസ് ഉള്‍പ്പടെ 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണം മോഷടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി. ജീവിതാവസാനം വരെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്.