തിരുവനന്തപുരം: റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന അത്യാധുനിക മൊബൈല്‍ ലാബ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ ചെന്ന് നേരിട്ട് വിലയിരുത്തി. തിരുവനന്തപുരം ജില്ലയിലെ പ്രവൃത്തിയുടെ ഗുണനിലവാരമാണ് മന്ത്രി തന്നെ നേരിട്ടെത്തി പരിശോധിക്കുന്നത്.
മൊബൈല്‍ ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നടത്തുന്ന പരിശോധന വഴി പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചു തന്നെ പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും.
ബിറ്റുമിന്‍, ടെംപറേച്ചര്‍, ലെയര്‍ തുടങ്ങി, നിര്‍മ്മാണ സമയത്ത് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചിട്ടാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ഉറപ്പാക്കാനാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ സുതാര്യമാക്കി അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. റോഡ് പണി മാത്രമല്ല കെട്ടിടങ്ങളുടെയും പാലങ്ങളുടെയും ഗുണനിലവാരവും പരിശോധിക്കും.
സിമന്റ്, മണല്‍, മെറ്റല്‍, ബിറ്റുമിന്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടേയും കോണ്‍ക്രീറ്റ്, ടൈല്‍ മുതലായവയുടേയും ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും.
ഇതോടെ കാലാകാലങ്ങളായി കോണ്‍ട്രാക്ടര്‍മാര്‍ റോഡ് പണിയുടെ ഗുണനിലവാരം കളയുന്നെന്ന ആക്ഷേപത്തിന് ഇതോടെ അറുതിയാകും. പിഡബ്‌ള്യൂഡി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉടനടി തന്നെ പരിധോധനയില്‍ വ്യക്തമാകും.
അനാസ്ഥയ്‌ക്കെതിരെ ഉടനടി നടപടികള്‍ കൈക്കൊള്ളുകയും ഗുണനിലവാരമുള്ള റോഡുകള്‍ ഉറപ്പ് വരുത്തുകയും ചെയ്യും. മൊബൈല്‍ ഓട്ടമേറ്റഡ് ടെസ്റ്റിംഗ് ലാബുകള്‍ വഴി അഴിമതിരഹിത നിര്‍മാണം ഉറപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലീക്കായി അത്യാധുനിക സംവിധാനങ്ങളുള്ള 3 ടെസ്റ്റിങ് ലാബുകളാണ് നിലവിലുള്ളത്. കൂടുതല്‍ ഇടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ ടെസ്റ്റിന്റെ ഫലവും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ലബോറട്ടറിയിലെത്തിച്ച് പരിശോധനാ വിധേയമാക്കുകയായിരുന്നു ഇതുവരെ ചെയ്തുവരുന്നത്.