തൃശ്ശൂര്‍: വാഹനാപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട തമിഴ് യുവാവ് ഹരീഷിന് വീണ്ടും കേരളത്തിന്റെ സഹായം. ഹരീഷിന് നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള ലോറിയുടമയുടെ ശ്രമത്തെ തുടര്‍ന്ന് രണ്ടുലക്ഷം രൂപ അദ്ദേഹത്തില്‍ നിന്നു തന്നെ ഈടാക്കി കോടതി നല്‍കി.
ഹരീഷിന് 57 ലക്ഷം രൂപ ലോറിയുടമ നഷ്ടപരിഹാരം നല്‍കണമെന്ന തൃശ്ശൂര്‍ എംഎസിടി കോടതിയുടെ വിധിക്കെതിരേ ലോറിയുടമ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇരുകാലുകളും നഷ്ടമായ യുവാവിന് നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള ലോറിയുടമയുടെ ശ്രമത്തെ അപലപിച്ച കോടതി അപ്പീല്‍ പരിഗണിക്കണമെങ്കില്‍ രണ്ടുലക്ഷം കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ചു.
ഉടമ കെട്ടിവെച്ച രണ്ടുലക്ഷം രൂപ അഭിഭാഷകന്‍ മുഖാന്തരം ഹരീഷിന് കോടതി നല്‍കുകയും ചെയ്തു. കേസ് പരിഗണനയ്ക്ക് എടുക്ക ുംമുന്നേ മാനുഷിക പരിഗണനയുടെ പേരില്‍ നഷ്ടപരിഹാരം നല്‍കിയ സംഭവം കോടതിയുടെ ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാണ്.
2011 ജൂണ്‍ 16-ന് രാത്രിയാണ് അച്ഛന്‍ ശിവകുമാര്‍ ഓടിച്ച സിമന്റുലോറി കുതിരാനില്‍ മറിഞ്ഞത്. അന്ന് പതിന്നാലുകാരനായ ഹരീഷിന്റെ രണ്ട് കാലുകളും ലോറിക്കടിയില്‍പ്പെട്ടു. ഇരുകാലുകളും മുറിച്ചുകളയേണ്ടി വന്നു. മൂന്നുമാസം ആശുപത്രിയില്‍ കഴിഞ്ഞു. തൃശ്ശൂരില്‍ വിലക്കുറവില്‍ പന്തും ഷൂസും ജേഴ്സിയും കിട്ടുമെന്നറിഞ്ഞാണ് ഹരീഷ് അത് വാങ്ങാനായി തമിഴ്‌നാട്ടില്‍ നിന്നും അച്ഛനോടൊപ്പം പുറപ്പെട്ടത്.
അത് വന്‍ ദുരന്തത്തിലേക്കുള്ള യാത്രയായി. മുഴുവന്‍ ആശുപത്രിച്ചെലവും ഭക്ഷണവും മരുന്നും മാത്രമല്ല, വെപ്പുകാലിനുള്ള 12 ലക്ഷം രൂപയും നല്‍കിയാണ് അന്ന കേരളം ഹരീഷിനെ നാട്ടിലേക്ക് യാത്രയാക്കിയത്.
തിരുപ്പൂരില്‍ താമസമാക്കിയ ഹരീഷ് ഇപ്പോള്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്. തൃശ്ശൂരിലെ എംഎസിടി കോടതിയിലും ഹൈക്കോടതിയിലും തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകന്‍ സൗജന്യമായാണ് വാദിക്കുന്നത്. ലോറിയില്‍ യാത്രക്കാരനെ കയറ്റുന്നത് നിയമ വിരുദ്ധമായതിനാലാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ കോടതി ഒഴിവാക്കിയത്.