‘കൊമ്പന്’ രജിസ്‌ട്രേഷന്‍ മാറ്റിയിട്ടും രക്ഷയില്ല: വിദ്യാര്‍ത്ഥികളുമായി പോയ ബസ് കര്‍ണാടകയില്‍ തടഞ്ഞു

ബംഗളൂരു: കര്‍ണാടക റജിസ്‌ട്രേഷനിലേക്ക് മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രയ്ക്ക് പോയ ബസാണ് നാട്ടുകാര്‍ തടഞ്ഞത്. ഏകീകൃത കളര്‍ കോഡില്‍ നിന്നും രക്ഷപ്പെടാനാണ് കൊമ്പന്‍ റജിസ്‌ട്രേഷന്‍ ബംഗളൂരുവിലേക്ക് മാറ്റിയത്.

കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്‌സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ബസിനു മുന്നിലെ ഫ്‌ലൂറസന്‍സ് ഗ്രാഫിക്‌സുകള്‍ കണ്‍സീലിങ് ടേപ്പ് കൊണ്ട് മറച്ചതിനു ശേഷമാണ് ബസിന്റെ യാത്ര തുടരാന്‍ അനുവദിച്ചത്. കേരളത്തിലെ നിയമം മറികടക്കാന്‍ ബസുകളുടെ റജിസ്‌ട്രേഷന്‍ ഈയിടെയാണു കര്‍ണാടകയിലേക്കു മാറ്റിയത്.

Read Also: യുവ അധ്യാപികയുടെ മൃതദേഹം കിടപ്പുമുറിയില്‍ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ നിലയില്‍: ഭാര്യയെ കാണാനില്ലെന്ന പരാതിയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍

ചിക്കമംഗലൂരുവിലേക്കുള്ള യാത്രക്കിടെയാണ് ബസിനെ തടഞ്ഞത്. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു യാത്ര. കേരളത്തില്‍ സമീപ കാലത്ത് ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് കൊമ്പന്‍ ബസുടമ തന്റെ 30 ബസുകളുടെയും രജിസ്‌ട്രേഷന്‍ ബെംഗളൂരുവിലെ ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു.


ഓടുന്ന ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ബസിനെതിരെ കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. അതേസമയം ശബ്ദവും വെളിച്ച സംവിധാനങ്ങളുമല്ല ബസ് തടയാന്‍ കാരണമെന്നും വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.

Exit mobile version