കൊച്ചി: മലയാള സിനിമാതാരം ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന നടൻ അജയകുമാർ വീണ്ടും അച്ഛനായി. താരം തന്നെയാണ് സന്തോഷ വാർത്ത പങ്കുവെച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയത്.
ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. മകൾ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലേക്ക് എത്തിയ പുതിയ അംഗത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൂത്തമകൾ ദീപ്തയാണ് കുഞ്ഞിനെ കൈയ്യിൽ എടുത്തു നിൽക്കുന്നത്.
എറണാകുളത്തെ അമൃത ആശുപത്രിയിലാണ് അജയ കുമാറിന്റെ ഭാര്യ ഗായത്രി പെൺകുഞ്ഞിന് ജന്മം നൽകിയത്. മകൾ ദീപ്ത അടക്കം ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചത്. അമൃത ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും നന്ദിയും ഗിന്നസ് പക്രു ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി കലാകാരനായിട്ടായിരുന്നു ഇപജീവനം. പിന്നീടാണ് അഭിനയ ലോകത്ത് എത്തിയത്.
2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.
അത്ഭുതദ്വീപ് സിനിമയിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഒരു ഗിന്നസ് റെക്കോർഡും താരത്തിന്റെ പേരിലുണ്ട്.