ശാന്തൻപാറ: ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന അറിയപ്പെടുന്ന കാട്ടാനയെ പൂട്ടാൻ തയ്യാറെടുത്ത് വനം വകുപ്പ്. റേഷൻ കട തകർത്ത് അരി തിന്നുന്നത് പതിവാക്കിയ അരിക്കൊമ്പനെ പിടികൂടാൻ റേഷൻ കട സെറ്റിടാനാണ് പദ്ധതി. പതിനൊന്ന് തവണ ഒരേ കട തകർത്ത് അരി കവർന്ന ചരിത്മുള്ള ആനയാണ് അരിക്കൊമ്പൻ.
മുൻപ് ചിന്നക്കനാൽ സിമന്റുപാലത്തിന് സമീപം അരിക്കൊമ്പൻ ഒരു വീട് തകർത്തിരുന്നു. ഈ വീട്ടിലാണ് ഡമ്മി റേഷൻ കട ഒരുക്കുക. അരിയും മറ്റു വസ്തുക്കളും ഇവിടെ ഒരുക്കുകയും കഞ്ഞിവെക്കുകയും ചെയ്യും. ഈ മണം പിടിച്ച് അരിക്കൊമ്പൻ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരി തിന്നാനായി ആന എത്തുമ്പോൾ മയക്കുവെടി വെക്കാനമാാണ് പദ്ധതി.
പഴകിയ കഞ്ഞിവെള്ളത്തിന്റെ മണം ആനയെ ആകർഷിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം പാകംചെയ്യുകയും ആൾത്താമസം ഉണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്താൽ അരിക്കൊമ്പൻ എത്തുമെന്നാണ് ഇവരുടെ വിശ്വാസം.
അരിക്കൊമ്പന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏലത്തോട്ടത്തിനും വീടുകൾക്ക് സമീപത്തും ആളുകൾ ട്രഞ്ചുകൾ കുഴിക്കാറുണ്ട്. എന്നാൽ ഇവ ചാടിക്കടന്ന് അരിക്കൊമ്പൻ എത്തുന്നതാണ് പതിവ്. മയക്കുവെടിവെച്ച് വീഴ്ത്താൻ ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ആനയെ പിടിക്കാനായാൽ കൂട്ടിലാക്കാൻ വിക്രം എന്ന കുങ്കിയാനയും തയ്യാറായിട്ടിരിക്കുകയാണ്.
പെരിയ കനാൽ മേഖലയിലെ രണ്ടു വീടുകളാണ് ഏറ്റവും ഒടുവിൽ ആന തകർത്തത്. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വീടുകളാണ് നശിപ്പിച്ചത്. ഈ കാട്ടാന വ്യാപക നാശനഷ്ടം വിതച്ചതോടെ മയക്കുവെടിവെച്ച് പിടിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായി അരിക്കൊമ്പനെ ഇടാനുള്ള കൂട് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞു. ശനിയാഴ്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൂട്ടിലാക്കാനാകുമെന്നാണ് കരുതുന്നത്. പിടികൂടിയ ശേഷം കോടനാട്ടുള്ള ആനസംരക്ഷണകേന്ദ്രത്തിലേക്കാകും മാറ്റുക.