തിരുവനന്തപുരം: കിണർ വൃത്തിയാക്കാനായി കിണറിനുള്ളിലേക്ക് ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറയിൻകീഴിലെ കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. കിണറ്റിൽപ്പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം കരയ്ക്കെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാനായി എത്തിയതായിരുന്നു സുജിത്തും ജിനിൽകുമാറും. ഇരുവരും ചേർന്ന് കിണർ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടനെ കുഴഞ്ഞുവീണ സുജിത്ത് കിണറ്റിലേക്ക് വീഴുകയും വെള്ളത്തിലേക്ക് താഴ്ന്നുപോകുകയുമായിരുന്നു.
ALSO READ- ജപ്പാൻ പ്രധാനമന്ത്രിക്ക് ഒപ്പം പാർക്കിൽ പാനി പൂരി കഴിച്ച് പ്രധാനമന്ത്രി മോഡി; വീഡിയോ വൈറൽ
സുജിത്തിനെ രക്ഷിക്കാൻ ജിനിൽകുമാർ ശ്രമിച്ചെങ്കിലും ജിനിൽകുമാറും അപകടത്തിൽപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ജിനിൽകുമാറിനെ രക്ഷപ്പെടുത്തി. പിന്നീട് ആറ്റിങ്ങലിൽനിന്നെത്തിയ ഫയർഫോഴ്സ് ആണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.
Discussion about this post