അമ്പലപ്പുഴ : ബൈക്കപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ചതോടെ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെയും നാടിന്റെയും വലിയ സ്വപ്നങ്ങള്‍. പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അറപ്പക്കല്‍ പൂന്ത്രശേരില്‍ നിക്സണ് നിര്‍മ്മല ദമ്പതികളുടെ ഏകമകളായ അല്‍ഫോന്‍സയുടെ വിയോഗം ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അല്‍ഫോന്‍സ. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തീരൂര്ക്കാട്ട് തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അല്‍ഫോന്‍സ മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിക്സണ് തീരത്ത് പണിയില്ലാത്തപ്പോള്‍ കൂലിപ്പണി ചെയ്താണ് മകളെ പഠിപ്പിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന അല്‍ഫോന്‍സ ഒന്നു മുതല്‍ പ്ലസ് ടു വരെ പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളിലായിരുന്നു പഠിച്ചത്. അല്‍ഫോണ്‍സയ്ക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോള്‍ ഒരു നാടൊന്നാകെ ആഹ്ലാദത്തിലായിരുന്നു.
also read: കനോലി കനാലില്‍ കുളിക്കാനിറങ്ങിയ നവവരന് മുങ്ങിമരിച്ചു: വിവാഹം നാളെ നടക്കാനിരിക്കെ ദുരന്തം
നിര്‍ദ്ധന മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്ന് ഒരു ഡോക്ടറുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ബൈക്കപകടം അല്‍ഫോന്‍സയുടെ ജീവന് കവര്‍ന്നു. നാട്ടുകാര്‍ക്കെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണ് അല്‍ഫോന്‍സയുടെ വിയോഗം.
അപകടത്തില്‍ അല്‍ഫോന്‍സയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിന് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണ കിംഗ്സ് അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.
Discussion about this post