കെഎസ്ആര്‍ടിസിക്ക് 3.35 കോടിയുടെ നഷ്ടം! തകര്‍ത്തകത് 100 ബസുകള്‍; ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി നഷ്ടം 3.35 കോടി രൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അണിനിരത്തിയുള്ള വിലാപയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന് തച്ചങ്കരി നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചത്.

ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസ്സുകള്‍ നന്നാക്കി സര്‍വീസ് നടത്താന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം. വോള്‌വോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു

കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിയുന്നത് സര്‍ക്കാരിനുള്ള ഏറായി തെറ്റിദ്ധരിക്കരുത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ക്കപ്പെടുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം ഒരിക്കലും സര്‍ക്കാര്‍ നികത്താറില്ലെന്നും, കെഎസആര്‍ടിസി ബസ്സുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

Exit mobile version