കൊല്ലങ്കോട്: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പറ്റുമോ എന്നോര്‍ത്ത് പേടിച്ചുവിറച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സഹായഹസ്തവുമായി പോലീസ്. പാലക്കാട് ജില്ലയിലാണ് സംഭവം. വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ് കേരളാപോലീസിന്റെ സഹായത്തോടെ പരീക്ഷ എഴുതിയത്.
കൊല്ലങ്കോട്ടുനിന്നു വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികള്‍ കയറിയത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തിന്റെ ഭാഗത്ത് വച്ച് ഗതാഗതതടസ്സം നേരിടുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ കേടുവന്നു ചപ്പാത്തില്‍ കുരുങ്ങിയതായിരുന്നു പ്രശ്‌നം.
കൃത്യസമയത്തു സ്‌കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്നു ബസുകാര്‍ അറിയിച്ചതോടെ കുട്ടികള്‍ ടെന്‍ഷനിലായി. പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ടാക്‌സിയില്‍ പോകാന്‍ കയ്യില്‍ കാശും ഉണ്ടായിരുന്നില്ല, ഇതോടെയാണു കുട്ടികള്‍ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്.
കരഞ്ഞുകൊണ്ട് സ്റ്റേഷനിലേക്ക് ഓടിച്ചെന്ന കുട്ടികളെ പോലീസ് വാഹനത്തില്‍ വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ കൃത്യസമയത്ത് എത്തിച്ചതിന് പിന്നാലെ അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പോലീസുകാര്‍ മടങ്ങിയത്.
അതേസമയം, കഴിഞ്ഞ ദിവസം കാസര്‍കോട് ഒരു ഹോട്ടലില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലീസുകാര്‍ സഹായവുമായി എത്തിയിരുന്നു. പരീക്ഷയ്‌ക്കെത്തിയ ശേഷം ഹാള്‍ടിക്കറ്റ് കയ്യിലില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ ഹാള്‍ടിക്കറ്റ് നല്‍കാനായി 12 കിലോമീറ്റര്‍ ബുള്ളറ്റില്‍ പറന്നാണ് രണ്ട് പോലീസുകാര്‍ എത്തിയത്.