തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍ ഒരുങ്ങുന്നു. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് ഹനുമാന്‍ പ്രതിമ സ്ഥാപിക്കുന്നത്. 55 അടി ഉയരമാണ് പ്രതിമയ്ക്ക്. 35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും.
ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്. നാല് മാസം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പ്രതിമ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേര്‍പ്പെടുത്തിയത്. ഏപ്രില്‍ ആദ്യവാരത്തോടെ പ്രതിമ പൂങ്കുന്നത്ത് എത്തിക്കും. രണ്ട് ട്രെയ്ലറുകള്‍ കൂട്ടിച്ചേര്‍ത്ത ട്രക്കില്‍ ബംഗളൂരു വഴിയാണ് പ്രതിമ തൃശൂരില്‍ എത്തിക്കുക.
ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ.
പ്രശസ്ത ശില്‍പി വി സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധികം ശില്‍പികളുടെ സഹായത്തോടെയാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.