ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടം: ‘കാര്‍ അമിത വേഗതയിലായിരുന്നു’, ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ തേജസ്വിനി ബാലയുടേയും മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. അപകടം നടക്കുമ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നു എന്ന് ലക്ഷ്മി മൊഴി നല്‍കി.

കോടതിയിലെത്തിയാണ് ലക്ഷ്മി നിര്‍ണായക മൊഴി നല്‍കിയത്. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അര്‍ജുന്‍ നാരായണനെ ലക്ഷ്മി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിലെ ഏക പ്രതിയാണ് അര്‍ജുന്‍.

അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നല്‍കി. അപകടവിവരം താനാണു പോലീസിനു നല്‍കിയതെന്നു ലക്ഷ്മിയുടെ സഹോദരന്‍ പ്രസാദും മൊഴി നല്‍കി. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: യാത്രക്കാരി അബോധാവസ്ഥയിലായി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആംബുലന്‍സായി ആശുപത്രിയിലേക്ക് കുതിച്ചു


മകളുടെ പേരിലുള്ള നേര്‍ച്ചയ്ക്കായി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ കുടുംബ സമേതമെത്തിയതായിരുന്നു ബാലഭാസ്‌കറും കുടുംബവും. പൂജ കഴിഞ്ഞ് 2018 സെപ്റ്റംബര്‍ 24നു രാത്രി യാത്ര തിരിച്ചു. 25ന് പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട ലക്ഷ്മിയ്ക്ക് ദിവസങ്ങള്‍ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയത്.

Exit mobile version