നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകും; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി

മുന്നോട്ടുള്ള യാത്രയില്‍ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു

കൊച്ചി: അകറ്റി നിര്‍ത്തപ്പെട്ട സമൂഹത്തില്‍നിന്നും ചേര്‍ത്തുപിടിക്കലിന്റെ പാതയിലാണ് ഇന്ന് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം. ഡോക്ടറായും മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായും പത്രപ്രവര്‍ത്തകരായുമെല്ലാം സമൂഹത്തിലെ ഉന്നത സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍രെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ക്കൂടി എഴുതി ചേര്‍ക്കപ്പെട്ടു.

വെല്ലുവിളികളെ അറിവുകൊണ്ട് മറികടന്ന പത്മലക്ഷ്മി ഇനി കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക. മുന്നോട്ടുള്ള യാത്രയില്‍ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ഉള്‍പ്പെടെ കൂടെനിന്ന എല്ലാവര്‍ക്കും ഈ അഭിമാന നിമിഷത്തില്‍ നന്ദി പറയുകയാണ് പത്മലക്ഷ്മി.

പ്രാക്ടീസിനുശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷകള്‍ എഴുതാനാണ് തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്ന് കൂടുതല്‍പേര്‍ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുള്ളവര്‍ക്ക് തന്റെ പക്കലുള്ള പുസ്തകങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പത്മലക്ഷ്മി പറഞ്ഞു.

ഞായറാഴ്ച അഭിഭാഷകരായി സന്നത് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേരുവിളിച്ചത്. അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പംമുതലുണ്ടായിരുന്നു. അങ്ങനെയാണ് ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുശേഷം 2019ല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമപഠനത്തിനെത്തിയത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ടുപോകാന്‍ പത്മയുടെ കുടുംബം എന്നും കരുത്തായി കൂടെയുണ്ടായിരുന്നു.

എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛന്‍ മോഹനകുമാറിനോടും അമ്മ ജയയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. വീട്ടില്‍ സംസാരിക്കുന്നതിന് മുന്‍പുതന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

ചികിത്സാ ചെലവുകള്‍ക്ക് കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്നു. അതായിരുന്നു പ്രധാന വരുമാനം. ഒപ്പം ഇന്‍ഷുറന്‍സ് ഏജന്റായും പിഎസ്സി ബുള്ളറ്റിന്‍ വില്‍ക്കാനുമെല്ലാം പോയിട്ടുണ്ട്. ലോ കോളേജ് അധ്യാപികയായിരുന്ന ഡോ. എംകെ മറിയാമ്മയും പത്‌നയുടെ ജീവിതവഴികളില്‍ വലിയ പിന്തുണ നല്‍കിയിരുന്നു.

Exit mobile version