തിരുവനന്തപുരം: സാധാരണക്കാരായ തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പണം അടിച്ചുമാറ്റി ജനപ്രതിനിധികൾ. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ജനപ്രതിനിധികളാണ് വ്യാജരേഖകൾ തയാറാക്കി 1,68,422 രൂപ കൈക്കലാക്കിയത്.
ഒൻപത് അംഗങ്ങൾ ആണ് ജോലി ചെയ്യാതെ പണം തട്ടിയെടുത്തതെന്നാണ് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സിപിഎം,സിപിഐ, കോൺഗ്രസ്, ബിജെപി പാർട്ടികളിലെ അംഗങ്ങളാണ് പണം കൈയ്യിലാക്കിയതെന്നാണ് റിപ്പോർട്ട്.
പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത ദിവസം പോലും ഇവർ തൊഴിലുറപ്പിലും ജോലി ചെയ്‌തെന്ന് വ്യാജരേഖകളുണ്ടാക്കിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വെട്ടിച്ച പണം തിരിച്ചടയ്ക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടെങ്കിലും 18,000 രൂപ മാത്രമാണ് അടച്ചത്. അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് സംഭവത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ നടക്കുകയാണ് ഇതിനിടെ.
ഇത് സാമ്പത്തിക തട്ടിപ്പായതിനാൽ വിജിലൻസിന് കേസെടുക്കാനാകും. തെറ്റു ചെയ്തത് ജനപ്രതിനിധികളായതിനാൽ അയോഗ്യരാക്കാനും ചട്ടമുണ്ട്. എന്നാൽ എല്ലാ പാർട്ടിയിലെയും അംഗങ്ങൾക്ക് പങ്കുള്ളതിനാൽ ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.