കാസർകോട്: വിവാഹത്തോടെ പഠനം മുടങ്ങുമെന്ന് ഭയന്ന് നഴ്‌സിങ് വിദ്യാർത്ഥിനിയായ 18കാരി ജീവനൊടുക്കി. കാസർകോഡ് ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനിയായ മിസ്രിയയുടെ മകൾ ഫാത്തിമയാണ് ജീവനൊടുക്കിയത്. മംഗലാപുരത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച ഫാത്തിമ മംഗലാപുരത്തെ നഴ്‌സിങ് കോളേജിലേക്ക് പോയിരുന്നില്ല. മാതാവും സഹോദരിയും വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്ഡ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾ ക്ക് മൃതദേഹം വിട്ടുനൽകി.
പ്രവാസിയായ യുവാവുമായി അടുത്തിടെ പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവ്ഹത്തോടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു പെൺകുട്ടി. തുടർന്നുണ്ടായ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.അതേസമയം ആത്മഹത്യാ കുറിപ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഫാത്തിമയുടെ പിതാവ് ശംസുദ്ദീൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.