പാലക്കാട്: സ്വർണം കത്തുന്ന വിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കെ വീട്ടിൽ നിന്നും കാണാതായ മൂന്നുപവന്റെ സ്വർണമാല വിഴുങ്ങി വീട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ് ഒരു നായ്ക്കുട്ടി. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസിന്റെ വീട്ടിലെ വളർത്തുനായ് ഡെയ്‌സിയാണ് മൂന്നുപവന്റെ മാല വിഴുങ്ങിയത്.
‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്‌സി’യാണ് സ്വർണം അകത്താക്കിയത്. ഒടുവിൽ ഡെയ്‌സി തന്നെ മാല തിരികെ നൽകുകയും ചെയ്തു. ഏതാനും ദിവസം മുൻപാണു കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വർണമാല കാണാതായത്. വീടും പരിസരത്തുമെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല.
മലാ നഷ്ടപ്പെട്ടെന്ന് കരുതി വിഷമിച്ച് ഇരിക്കുമ്പോഴാണ് ഡെയ്‌സി വീടിന്റെ മൂലയ്ക്കിരുന്നു പെൻസിൽ കടിച്ചുതിന്നുന്നത് ശ്രദ്ധിച്ചത്. ഇതോടെ ‘ഇനി ഡെയ്‌സി എങ്ങാനും മാല വിഴുങ്ങി കാണുമോ?’ എന്ന് സംശയം തോന്നി കൃഷ്ണദാസും ഭാര്യയും ഡെയ്‌സിയുടെ എക്‌സ്‌റേ എടുത്തു.
ഇതോടെയാണ് വയറ്റിൽ മാല ഉണ്ടെന്നു മനസ്സിലായത്. ശേഷം ജില്ലാ മൃഗാശുപത്രിയിൽ എത്തി ഡോക്ടറെ കാണിച്ചു. മാല പുറത്തു വന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞ് തീയതി ഉറപ്പിച്ചു.
സ്വർണത്തിന്റെ മൂല്യം വലുതാണെങ്കിലും ഡെയ്ഡിയെ സർജറിക്ക് വിധേയയാക്കാൻ കൃഷ്ണദാസും കുടുംബവും മടിച്ചു. ഒടുവിൽ ശസ്ത്രക്രിയ ഇല്ലാതെ മാല പുറത്തു വരാനായി ബ്രെഡും പഴവുമെല്ലാം ധാരാളം നൽകിയെങ്കിലും മാല വന്നില്ല. അകത്തിരുന്നാൽ ഡെയ്‌സിക്കും കുഴപ്പമായാലോ എന്നു കരുതി ശസ്ത്രക്രിയ ചെയ്യാമെന്ന് ഉറപ്പിച്ച് ആശുപത്രിയിൽ പോയെങ്കിലും എക്‌സറേയിൽ മാല പുറത്തേക്ക് വരുന്ന നിലയിലാണെന്ന് ഡോക്ടർ അറിയിച്ചു.
പിന്നീട് മൂന്നാംദിവസം പുറത്തേക്കു വന്ന മാല ഡെയ്‌സി തന്നെ വീട്ടുകാരെ വിളിച്ച് കാണിച്ചുകൊടുത്തു. ഏതാനും ദിവസം നായ്ക്കുട്ടിയുടെ വയറ്റിൽ കിടന്നതിനാൽ രാസപ്രവർത്തനം മൂലം നിറത്തിൽ ചെറിയ വ്യത്യാസം ഉണ്ടെന്നതല്ലാതെ മറ്റൊരു കുഴപ്പവും മാലയ്ക്കില്ലെന്ന് കുടുംബം അറിയിച്ചു.