കണ്ണൂർ: ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാൻ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നാണ് ബിഷപ്പിന്റെ പ്രതികരണം. കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
‘റബ്ബറിന് വിലയില്ല, വിലത്തകർച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യമോർക്കുക.’
‘നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബ്ബർ എടുക്കുക. നിങ്ങൾക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.’- എന്നാണ് ബിഷപ്പ് പറഞ്ഞത്.