കാസര്‍കോട്: ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് തളര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി, ബുള്ളറ്റില്‍ പാഞ്ഞെത്തി പോലീസുകാര്‍. ചട്ടഞ്ചാലിലെ എംഐസി ഹൈസ്കൂളില്‍ പത്താംതരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളേജില്‍ നിന്നെത്തിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസുകാര്‍ നന്മയുടെ പ്രതീകമായി മാറിയത്.
പഴയങ്ങാടിയില്‍ നിന്ന് മാവേലി എക്സ്പ്രസിന് കാസര്‍കോട് എത്തിയ അഞ്ച് വിദ്യാര്‍ത്ഥികളും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലില്‍ കയറിയിരുന്നു. ഇവരില്‍ ഒരാളുടെ ബാഗിലായിരുന്നു അഞ്ചു പേരുടെയും ഹാള്‍ ടിക്കറ്റുകള്‍ വച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഈ ബാഗ് മറന്നുവെക്കുകയായിരുന്നു.
എംഐസിയില്‍ എത്തിയപ്പോള്‍ ആണ് ബാഗ് മറന്നുവച്ച വിവരം വിദ്യാര്‍ത്ഥികള്‍ക്ക് മനസിലായത്. അപ്പോഴേക്കും ഒന്‍പത് മണിയായിരുന്നു. ഒമ്പതരയ്ക്ക് പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്, സിപിഒ ശ്രീജിത്ത് എന്നിവര്‍ ഇക്കാര്യം കണ്ട്രോള് റൂമിലും അവിടെ നിന്ന് സ്ട്രൈക്കര്‍ ഫോഴ്സിലെ ഓഫീസര്‍ പിവി നാരായണനും കൈമാറി. സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ് ബാഗ് കണ്ടെടുത്തു. തൊട്ടുപിന്നാലെ സ്ട്രൈക്കര്‍ ഫോഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് പറന്നു.
തുടര്‍ന്ന് കുട്ടികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനത്തില്‍ സ്കൂളില്‍ എത്തിക്കുകയും ചെയ്തു. ഹാള്‍ ടിക്കറ്റ് കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു.
പക്ഷെ, പരീക്ഷ കഴിഞ്ഞു പോലീസ് സ്റ്റേഷനില്‍ എത്തി മധുരപലഹാരം നല്കിയ ശേഷമാണ് ഈ കുട്ടികള്‍ പഴയങ്ങാടിയിലേക്ക് മടങ്ങിയത്. പാതിവഴിയില്‍ മുടങ്ങുമായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള അവസരമാണ് പോലീസുകാരുടെ നന്മയില് തിരിച്ചുപിടിച്ചത്.
Discussion about this post