ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍; കാശില്ലെന്ന് മേയര്‍

വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്

kochi-meyor

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം.

ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണ്. മാലിന്യനിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എന്‍ജിടി അറിയിച്ചു.

അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും കൊച്ചി മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. 100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോര്‍പറേഷനില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. വേണ്ടിവന്നാല്‍ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നല്‍കി. തീപിടിത്ത വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

Exit mobile version