പാലാ: കിണറിൽ വീണ പശുവിനു കിണറ്റിനുള്ളിൽ വെച്ച് സുഖപ്രസവം. അഗ്നിരക്ഷാ സേനാംഗങ്ങളുടെ രണ്ടു മണിക്കൂർ നീണ്ട പ്രയത്‌നം കൊണ്ട് അമ്മപ്പശുവിനെയും കിടാവിനെയും കരയിലേക്ക് എത്തിച്ചു.
പാലാ പ്രവിത്താനം ചെമ്പകശ്ശേരിൽ ജോർജും ഭാര്യ മേരിക്കുട്ടിയും വളർത്തുന്ന മൂന്നര വയസ്സുള്ള പശുവാണ് കിണറിനുള്ളിൽ പ്രസവത്തിലൂടെയും രക്ഷാപ്രവർത്തനത്തിലൂടെയും നാട്ടിലെ താരമായത്. ഇന്നലെ രാവിലെ പുറത്തിറക്കാൻ അഴിച്ച പശു ഓടി ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
മൂന്നാൾ താഴ്ചയുള്ള കിണറിലെ വെള്ളത്തിൽ നിന്ന പശു ഗർഭിണിയായതിനാൽ തന്നെ കയറുകൊണ്ട് വലിച്ചുകയറ്റൽ പ്രയാസകരമായിരുന്നു. പിന്നീട് ഉള്ളനാട് വെറ്ററിനറി ഡിസ്‌പെൻസറിയിൽ നിന്ന് ഡോ. സുസ്മിത ശശിധരൻ എത്തി മാർഗനിർദേശങ്ങൾ നൽകി.
കിണറിൽ കിടന്ന് പ്രസവലക്ഷണങ്ങൾ കാണിച്ച പശുവിനെ കിണറ്റിനുള്ളിൽ പ്രസവിച്ച ശേഷം പുറത്തെത്തിക്കാമെന്നു ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് അയൽവാസി റെജിയും ഒരു ഫയർമാനും കിണറ്റിലിറങ്ങി. കിണറിന്റെ കരയിൽ നിന്ന് ഡോക്ടർ പറഞ്ഞ നിർദേശങ്ങൾ അതേപടി രണ്ടാളും പാലിച്ചതോടെ പശു വെള്ളത്തിൽ പ്രസവിച്ചു.
തുടർന്ന് പശുക്കിടാവിനെ ആദ്യം കരയ്‌ക്കെത്തിച്ചു. തള്ളപ്പശുവിനെ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചു ചികിത്സ നൽകി.
ഉള്ളനാട് വെറ്ററിനറി ഡിസ്‌പെൻസറിയിലെ ജാൻസി, കടനാട് ഡിസ്‌പെൻസറിയിലെ ഡോ. സുനിൽ, ളാലം ബ്ലോക്ക് ഡിസ്‌പെൻസറിയിലെ ഡോ.ആദിൽ എന്നിവരും സഹായത്തിനെത്തിയിരുന്നു.
Discussion about this post