ബംഗളൂരു: ബംഗളുരുവിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് വീണ് എയർ ഹോസ്റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രതി സമ്മതിച്ചതായി പോലീസ്. യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് മലയാളിയും കാസർകോട് സ്വദേശിയുമായ ആദിഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.
ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ദിമാൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ആദിഷ് പിടിയിലായത്. ഇയാൾ അർച്ചനയുമായി കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു.
ആദിഷ് ബംഗളൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനും അർച്ചന ദുബായിലെ അന്താരാഷ്ട്ര വിമാനകമ്പനിയിലെ എയർഹോസ്റ്റസ് ജീവനക്കാരിയും മോഡലും ആണ്. ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ടതായിരുന്നു ഇരുവരും.
ആറുമാസത്തോളമായി ബംഗളൂരുവിൽ ലിവിങ് റിലേഷൻഷിപ്പാലിയുരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ പീഡനം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആദിഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവദിവസം അർച്ചന ഭീഷണി തുടർന്നതോടെ അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നിന്ന് യുവതിയെ ആദിഷ് തള്ളിയിടുകയായിരുന്നുവെന്ന് ബംഗളുരു സൗത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സികെ ബാബ പറഞ്ഞു.
നേരത്തെ തന്നെ മകളുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ആദിഷ് തള്ളിയിട്ട് കൊന്നതാണെന്നും അമ്മ പരാതിയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി 12നാണ് അർച്ചനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യാ കേസ് രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം.
also read- വസ്തു അളക്കുന്നതിന് കൈക്കൂലി; പുനലൂരിലെ സർവേയറെ കൈയ്യോടെ പിടികൂടി വിജിലൻസ്
അർച്ചന കാലുതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദിഷ് ആദ്യം നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.