ഇടുക്കി: ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് രോഗിയുടെ ജീവന് തുണയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാടിന്റെ ആദരം. നെടുങ്കണ്ടം അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് മുരുകന്‍ പിള്ളയാണ് ധൈര്യം കൈവിടാതെ ആംബുലന്‍സുമായി കിലോമീറ്ററുകളോളം പറന്ന് രോഗിയുടെ ജീവന്‍ രക്ഷിച്ചത്.
125 കിലോമീറ്റര്‍ ദൂരം 90 മിനിറ്റു കൊണ്ടാണ് വിനോദ് താണ്ടിയത്. മരം വീണു ഗുരുതരമായി പരുക്കേറ്റ മൈനര്‍ സിറ്റി സ്വദേശി കുറ്റി കിഴക്കേതില്‍ ജോസിനെയാണ് ഇടുക്കി നെടുങ്കണ്ടത്തു നിന്നു ആലുവ രാജഗിരി ആശുപത്രിയിലാണ് എത്തിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3നാണ് നെടുങ്കണ്ടത്തു നിന്നു രോഗിയുമായി പുറപ്പെട്ട ആംബുലന്‍സ് പുറപ്പെട്ടത്. 4.30നു രാജഗിരി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി. തടി വീണതിനെത്തുടര്‍ന്നു കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ജോസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഈ സാഹചര്യം വ്യക്തമാക്കി വിനോദ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയില്‍ സന്ദേശമയച്ചു. തുടര്‍ന്ന് അടിമാലി, കോതമംഗലം, പെരുമ്പാവൂര്‍ തുടങ്ങിയ പ്രധാന ടൗണുകളില്‍ ഡ്രൈവര്‍മാര്‍ ഈ ആംബുലന്‍സിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കിനല്‍കി.
സാധാരണ രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ട് എത്തേണ്ട സമയത്താണു വിനോദ് വെറും ഒന്നര മണിക്കൂര്‍ കൊണ്ടു രോഗിയെ എത്തിച്ചത്. രോഗിക്ക് ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രോഗിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.