കൈകാര്യം ചെയ്യേണ്ടത് ലക്ഷങ്ങൾ; കേൾക്കുന്നത് അസഭ്യവും, വിശ്രമവുമില്ല; മാനസിക പിരിമുറുക്കം കുറക്കാൻ ബെവ്‌കോ ജീവനക്കാർക്ക് ഡോക്ടറുടെ സേവനം

തിരുവനന്തപുരം: കേരള ബിവറേജസ് കോർപറേഷനിലെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്താനും ബെവ്‌കോ ആസ്ഥാനത്ത് ഡോക്ടറുടെ സേവനം ഏർപ്പെടുത്തുന്നു. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനമുണ്ടാവുക.

തുടക്കത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ബെവ്‌കോ ആസ്ഥാനത്ത് ഡോക്ടറുടെ സേവനം എത്തുക. ജില്ലയിലെ ഔട്ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്‌കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച മുതലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.

നേരത്തെ ബെവ്‌കോ ജീവനക്കാർ വലിയ തോതിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും ഗുരുതരമായ ജീവിതശൈലീ പ്രശ്‌നങ്ങൾ നേരിടുന്നതായും കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ബവ്‌കോ വിൽപനശാലകളിലെ ക്രമക്കേട് പരിശോധിക്കാൻ എത്തിയ വിജിലൻസ് സംഘമാണ് ജീവനക്കാരുടെ ബാഗുകളിൽ നിന്നും മാനസിക പിരിമുറുക്കത്തിനുള്ള മരുന്നുകൾ കണ്ടെത്തിയത്. കൈക്കൂലി പണം അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു ഈ കണ്ടെത്തൽ. ഇക്കാര്യം അവർ ബവ്‌കോ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻരെ തുടർനടപടിയാണ് ഡോക്ടറുടെ സേവനം.

ALSO READ- എലിക്കെണി കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി ജിഷ മോൾ; കള്ളനോട്ട് കേസിലെ കൃഷി ഓഫീസർ സ്ഥിരം പ്രശ്‌നക്കാരി

ബെവ്‌കോ വെയർഹൗസിലെയും ഔട്‌ലെറ്റിലുമെല്ലാം രാവിലെ 9 മുതൽ രാത്രി 9 വരെയാണു ജോലി. നാലോ അഞ്ചോ ജീവനക്കാർ ദിവസവും കൈകാര്യം ചെയ്യുന്നതു ലക്ഷക്കണക്കിനു രൂപയുമാണ്. പണം ബാങ്കിൽ അടയ്ക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

കസ്റ്റമറായി എത്തുന്നവരാകട്ടെ പലപ്പോഴും മാന്യമായ പെരുമാറ്റം നടത്തിയെന്നും വരില്ല. ഇഷ്ടമുള്ള ബ്രാൻഡ് കിട്ടാത്തതിന് അസഭ്യം പറയുന്നവർ ഉൾപ്പെടുന്നതാണ് ഉപഭോക്താക്കൾ. ചിലപ്പോൾ മദ്യപിച്ചാണു മദ്യം വാങ്ങാനെത്തുക. പ്രതികരിച്ചു പോയാൽ മൊബൈലിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും മാനസിക സമ്മർദ്ദം കൂട്ടും.

വിശ്രമമില്ലാത്ത ജോലിയാണ് മറ്റൊരു പ്രധാന തിരിച്ചടി. ഇരിക്കാൻ പോലും സമയം കിട്ടിയെന്നുവരില്ല. ജീവനക്കാരുടെ പിരിമുറുക്കം കുറയ്ക്കാനായി കുടുംബസംഗമവും മറ്റും അടുത്തിടെ മാനേജ്‌മെന്റ് സംഘടിപ്പിച്ചിരുന്നു. തുടർച്ചയായാണു ഡോക്ടറുടെ സേവനവും. ഫലപ്രദമെന്നു കണ്ടാൽ മറ്റു ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കും.

Exit mobile version