കൊച്ചി: ചോറ്റാനിക്കരയിൽ നിന്നും എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച ഞെട്ടലിൽ റോഡ് പണിക്ക് എത്തിയ അതിഥി തൊഴിലാളി ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്ക്. സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയ കൊൽക്കത്ത സ്വദേശിയാണ് ടിക്കറ്റ് ആരെങ്കിലും തട്ടിയെടുക്കുമെന്ന ആശങ്കയിൽ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
കൊൽക്കത്ത സ്വദേശി എസ് കെ ബദേസാണ് പേടിയോടെ പോലീസ് സ്റ്റേഷനിൽ എത്തിയത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബദേസിനെ കുറിച്ച് പങ്കുവെച്ചത്. പോലീസ് ബദേസിനെ ആശ്വസിപ്പിക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തുവെന്നും സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നത്. പണം ലഭിച്ചാലുടൻ നാട്ടിലേക്ക് തിരികെ പോകാൻ ബദേസ് കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേരള പോലീസിന്റെ പേജിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..! സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പോലീസിന്റെ സഹായം തേടിയെത്തിയത്.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.