പൂച്ചാക്കല്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് പ്രബലിന്റെ ക്ഷണം സ്വീകരിച്ച് സ്‌കൂളിലേക്കെത്തി കളക്ടര്‍ മാമന്‍. സിദ്ധാര്‍ഥ് ചോദിച്ചതെല്ലാം കളക്ടര്‍ നല്‍കി. പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് പ്രബല്‍ (13) ആണ് കളക്ടര്‍ വിആര്‍ കൃഷ്ണതേജയെ സ്‌കൂളിലേക്ക് ക്ഷണിച്ചത്. സിദ്ധാര്‍ഥിന്റെ ക്ഷണം സ്വീകരിച്ച് കളക്ടര്‍ മാമന്‍ ബുധനാഴ്ച സ്‌കൂളില്‍ എത്തുകയും ചെയ്തു. സിദ്ധാര്‍ഥിന്റെ സന്തോഷം നേരിട്ടു കണ്ടാണ് കളക്ടര്‍ സ്‌കൂള്‍ വിട്ടത്.
സ്‌കൂളിലേക്ക് തന്റെ ഇലക്ട്രോണിക് വീല്‍ച്ചെയര്‍ ഓടിച്ചുകയറ്റാന്‍ ഒരു റാമ്പ്, തനിക്കു യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റുന്ന ശൗചാലയം. സിദ്ധാര്‍ഥിന്റെ ആവശ്യങ്ങള്‍ ഇവയൊക്കെയായിരുന്നു. സിദ്ധാര്‍ഥിന്റെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയതിനു ശേഷമാണ് കളക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.
2022 നവംബര്‍ 19-നു സിദ്ധാര്‍ഥ് പ്രബലിനു മറ്റു ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ എന്‍വി ബിന്ദു കളക്ടറെ കാണാന്‍ അവസരമൊരുക്കിയിരുന്നു. അന്ന് കുട്ടിയെ മടിയിലിരുത്തി കളക്ടര്‍ വിആര്‍ കൃഷ്ണതേജ കുട്ടിയുടെ ആവശ്യങ്ങള്‍ കേട്ടു. ഉടന്‍ നടപടിയുമായി. ആഴ്ചകള്‍ക്കുള്ളില്‍ റാമ്പ് നിര്‍മാണവും പ്രത്യേക സൗകര്യത്തോടെ ശൗചാലയ നിര്‍മാണവും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.