കൊച്ചി: ബ്രഹ്‌മപുരത്തെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്‌മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തിരമായി തുക കൈമാറുന്നതെന്ന് എംഎ യൂസഫലി അറിയിച്ചു. കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാറിനെ, എംഎ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പ്പറേഷന് കൈമാറും.
ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാന്‍ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനില്‍ ഒരു കോടി രൂപ എംഎ യൂസഫലി വാഗ്ദാനം ചെയ്തുവെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.
‘വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ എനിയ്ക്ക് ചെക്ക് കൈമാറി. യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ ക്ലീന്‍ ഗ്രീന്‍ കൊച്ചി (HEAL പദ്ധതി)പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും,’ മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ബ്രഹ്‌മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം
നേരത്തെ, നടന്‍ മമ്മൂട്ടി ബ്രഹ്‌മപുരത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നു.
പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലേക്ക് മരുന്നുകളും, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും, മാസ്‌കും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് ആണ് മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം എത്തിയത്.